പാലാ: ഒരു പൗരന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് വോട്ടവകാശം വിനിയോഗിക്കുന്ന തെന്നും ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ കത്തീഡ്രലില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് നല്കിയ സന്ദേശത്തിലാണ് ബിഷപ് വോട്ടവകാശത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചത്.
ഭരണഘടന നമുക്ക് നല്കിയ ഈ അവകാശം ദേശത്തോടും ജനങ്ങളോടുമുള്ള ആദരവിന്റെ ഭാഗമായി നാം കാണണം. അതുപോലെ ദളിത് ക്രൈസ്തവര്‍ക്കു നീതി ലഭിക്കുന്നതിനായി ഇടപെടാന്‍ നമുക്ക് വലിയ കടമയുണ്ടെന്നും പ്രാര്‍ഥിക്കുകയും നേരായ മാര്‍ഗത്തിലൂടെ ഇത് ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ അകക്കാമ്പാണ് പെസഹാ ആചരണം. കുടുംബപെസഹാ ആചരണം പവിത്രമായ പാരമ്പര്യമാണ്. കര്‍ത്താവിന്റെ സാന്നിധ്യവും പഴയനിയമത്തിന്റെ ചരിത്രവും പുതിയ നിയമത്തിന്റെ പിറവിയും ഇവിടെ ബോധ്യമാവുന്നതായും ബിഷപ് പറഞ്ഞു.
യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക നല്‍കിയതിന്റെ ഓര്‍മപുതുക്കി നടത്തിയ പാദക്ഷാളന ശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോസഫ് മലേപറമ്പില്‍, ഫാ. ജോര്‍ജ് തറപ്പേല്‍, ഫാ. ഐസക്ക് പെരിങ്ങാമലയില്‍, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയില്‍, ഫാ. ജോസഫ് തെങ്ങുംപള്ളില്‍, ഫാ. അഗസ്റ്റിന് കണ്ടെത്തില്ക്കുടിലില് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പാലാ: പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയില്‍ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ ഓര്മ പുതുക്കി പെസഹാ ആചരണം നടന്നു. തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ.ജോസഫ് തടത്തില്‍ മുഖ്യകാര്‍മികനായിരുന്നു. സഹവികാരിമാരായ ഫാ. പോള്‍ കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് കൂട്ടുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മുണ്ടുപാലം കുരിശുപള്ളിയില്‍ നടന്ന പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് പാസ്റ്ററല്‍ അസി. ഫാ. ജോസഫ് ആലഞ്ചേരില്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.